Monday, July 20, 2020

Book Review by Janaki A S, HA2

മയ്യഴിപുഴയുടെ വെള്ളിയാങ്കല്ലിലൂടെ.....
        
      ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്നു മയ്യഴിയുടെ പൂർവ്വകാലചരിത്രത്തെക്കുറിച്ച് ആ നാട്ടുകാരനായ എം. മുകുന്ദൻ എഴുതിയ മലയാള നോവലാണ് 'മയ്യഴിപുഴയുടെ തീരങ്ങളിൽ'.
           മയ്യഴിയുടെ ആരും പറയാത്ത കഥകളിലൂടെ ദേശത്തിന്റെ ആത്മാവിലേക്കാണ് വായനക്കാരെ കഥാകൃത്ത് നയിക്കുന്നത്. മയ്യഴിയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ കഥയാണ് ഈ നോവൽ നമ്മോട് പങ്കുവയ്ക്കുന്നത്. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.
           പാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റെയും കുറമ്പിയമ്മയുടെയും മകനായ ദാമുറെെട്ടറുടെ മകൻ ദാസനാണ് കഥയിലെ കേന്ദ്രകഥാപാത്രം.പഠനത്തിൽ മിടുക്കനായ ദാസാൻ ഫ്രഞ്ച് മാഹിയിൽ ജനിച്ച് ഇന്റർമീഡിയേറ്റ് പരീക്ഷയും പോണ്ടിചേരിയിൽ നിന്ന് ബക്കലോറയ പരീക്ഷയും പാസാകുന്നു.ഫ്രഞ്ച് സർക്കാർ നൽകുന്ന ജോലിയും ഉന്നതവിദ്യാഭ്യാസവും ദാസൻ നിരസിക്കുന്നു.തന്റെ അധ്യാപകനായ കുഞ്ഞനന്ദൻ മാസ്റ്ററുടെ സ്വാധീനത്തിൽ ഗാന്ധിയൻ കണാരൻ നയിക്കുന്ന സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുന്നു.ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി ദാസൻ മാറുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം നീങ്ങുന്നതാണ് ദാസനും ചന്ദ്രികയും തമ്മിലുള്ള പ്രണയവും അതിലൂടെ ജീവിതത്തിന്റെ സ്വപ്നസദൃശമായ മറുവശവും കഥാകാരൻ തുറന്നുകാട്ടുന്നു.
            വിപ്ലവകാരിയായി മുദ്രകുത്തപ്പെട്ട ദാസനെ ഫ്രഞ്ച് ഗവണ്മെന്റ് 12 വർഷത്തേക്ക് ശിക്ഷിക്കുന്നു. എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ദാസൻ ഫ്രഞ്ച് ആധിപത്യത്തിനെതിരെയുള്ള സമരത്തിനു ശക്തിയായി മാറുന്നു. അതിന്റെ ഫലമായി മയ്യഴി സ്വാതന്ത്ര്യമാകുന്നു. 
           ഒരു ദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവൽ അവിടുത്തെ സാധാരണ ജനതയുടെ യാതനകളുടെ ചിത്രം കൂടി വെളിപ്പെടുത്തുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുണർത്തിയ ദാസൻ ജീവിതത്തിൽ തെരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. 
            ചന്ദ്രികയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചത്തിൽ വേദനിച്ച് അവൾ ആത്മഹത്യ ചെയ്യുന്നു.താമസിയാതെ ദാസനും അവളുടെ പാത പിന്തുടരുന്നു.ദാസനും ചന്ദ്രികയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൾക്കു മുകളിലെ തുമ്പികളായി മാറുന്നു. അങ്ങനെ നോവൽ അവസാനിക്കുന്നു. 
           ലെസ്ലി സായ്വിന്റെ കുതിരകുളമ്പടികൾക്ക് ആരാധനയോടെ കാത്തിരിക്കുന്ന കുറമ്പിയമ്മയും ദാവീദ് സായ്വിനെ പരിചരിക്കുന്ന കുഞ്ഞിചിരുതയും സ്വയം സ്വീകരിച്ച, അഥവാ മനസ്സാ അംഗീകരിച്ച അടിമത്വത്തിന്റെ ഉദാഹരണങ്ങളാണ്. മയ്യഴിയുടെ മക്കൾ സ്വപ്നം കണ്ടിരുന്നത് വെള്ളക്കാരുടെ നാടും ചട്ടക്കാരുടെ ജീവിതവുമാണ്. അവിടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നത് എത്രമാത്രം ശ്രമകരമാണെന്ന് ഈ നോവലിൽ വെളിവാകുന്നു. 
            " അങ്ങകലെ ഒരു വലിയ കണ്ണീർത്തുള്ളി പോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു."
             - കഥാകൃത്ത് ദാസന്റെ മരണം അവതരിപ്പിക്കുന്നത് വായനക്കാരുടെ മനസ്സിനെ ഉലയ്ക്കും വിധമാണ്.ഈ നോവലിലെ ആരും മറക്കാത്ത വരികളാണിത്. 
            മനസ്സിൽ നിന്നും മായാതെ ഉറഞ്ഞു കിടക്കുന്ന ചില ഓർമ്മകളും വരികളുമുണ്ട്. അത്തരം ഓർമ്മകളുടെയും വരികളുടെയും ഉത്തമകാവ്യ സൃഷ്ടിയാണ് 'മയ്യഴിപുഴയുടെ  തീരങ്ങളിൽ.'
          --------------------
             ജാനകി. എ.എസ്
                 XII
              (ഹ്യൂമാനിറ്റീസ്)
               ജി ജി എച്ച് എസ് 
        എസ് കോട്ടൺഹിൽ, 
        തിരുവനന്തപുരം.

1 comment: