Monday, August 24, 2020

Poem by Diya Manoj, SC2.

 

ബന്ധങ്ങൾ
************
ബന്ധനങ്ങളാൽ അറ്റുപോകും  
ബന്ധങ്ങൾ എത്രയോ ലഘുകരം,
മനുഷ്യമനസ്സിൻ 
കാർമേഘങ്ങളാലാണത്രയും.
 
പൈതലായി ഉണരും കാലം 
എത്രയോ ബന്ധങ്ങൾ,
വർദ്ധക്യമോ ബന്ധനങ്ങളാൽ പൂരിതം.
ഏക ജീവനാൽ ദശലക്ഷസന്തോഷം,
ദശലക്ഷജീവനാൽ
ശതലക്ഷസന്തോഷമാകണം നം ജീവിതം.
 
പല നിമിഷം കൈകോർത്തവർ,
ഒരു നിമിഷത്തിൽ കൈവെടിഞ്ഞിടും-
ബന്ധങ്ങൾ  എത്രയോ ദുഷ്കരം.
 
മനസ്സ് മാറും, മനുഷ്യരെ ഓർക്കുക!
ജനന മരണമറിയാതെ ജീവിക്കും 
ഈ ചെറു ജീവിതം എന്തിന് കലഹപൂരിതം?
ഈ ഭൂവിലെ ജീവിത സമ്പത്തത്രയും ബന്ധങ്ങളല്ലോ,
ബന്ധങ്ങൾ ബന്ധനങ്ങളാകും-
ജീവിതമെത്രയോ കഷ്ടം മനുഷ്യ.....
 
സുവർണ്ണ പട്ടുപോൽ 
തൻ കരങ്ങളിൽ 
ബന്ധങ്ങളെ സൂക്ഷിച്ചിടുന്നവർ 
മനുഷ്യർ.
                                          
                                 ദിയമനോജ്
                                            SC2

Poem by Diya Manoj, SC2.

 



Sunday, August 9, 2020

Poem by Afia Ayoob, HA2

ഹിബാക്കുഷ 

**************

കൺപോളകളടഞ്ഞാ നാടിൻ്റെ,
ഇരുൾ പൊതിഞ്ഞു താനെ
വിഷാദമെന്നപോൽ,
മൗനമായി പരിസരം.
നിദ്രയാം ആശ്വാസം തേടിയവർ.....

ആരറിഞ്ഞു?
ആ ശ്വാസം നിലക്കുമെന്ന്,
ആരറിയിച്ചു?
വിനാശകാരിയിങ്ങെത്തിയെന്ന്,
കേട്ടുകേൾവിപോലുമില്ല,
ഇങ്ങനെയൊന്ന്.
ആരു ചിന്തിക്കും,
ആ വിപത്ത്.....

ബോംബായി വർഷിച്ചു,
നിലക്കാതെ.
നിലച്ചതോ?
പുതുജീവനാമ്പുകൾ...
മൂടിയിട്ട ശരീരങ്ങളെത്ര?
പ്രേതമായലഞ്ഞോരാ
സ്വപ്നങ്ങൾ....
അലഞ്ഞും തളർന്നോ?

പാതിപ്രഹരമേറ്റവരോ?
ചലനമറ്റ ഹൃദയങ്ങളാ-
യങ്ങ് നടന്നുനീങ്ങുന്നു.
അവർക്കറിയില്ല മിത്രമേ,
ജീവതമെന്തിനെന്നുപോലും.....
തോർന്നില്ല ഇന്നും
ആ മുഴക്കം,
പിറക്കുന്നു ആ വിഷം
ഇന്നും അവിടുത്തെ പുതു- ജീവനിൽ......

ആർക്കു തെറ്റി?
ശാസ്ത്രം നമ്മെ
മൂക്കുകുത്തിച്ചുവന്ന്,
അതിൻ മുന്നിൽ.
അന്നെവിടെയോടി സാക്ഷാൽ മനുഷ്യൻ....
ഒളിച്ചുകളഞ്ഞോ,
അവനവൻ്റെ ശക്തിക്കു-
പിന്നിൽ..
ബലമങ്ങ് തെളിയിക്കാ-
നുള്ള തത്രപ്പാടിലോ,
അവൻ.

പിഴച്ചോ അവനന്ന്?
പിഴവതു നിസ്സാരമല്ല,
യുദ്ധം.
ഏറ്റം ക്രൂരത.....
കുരുതിക്കുതിയേകാം,
എന്തിനീ നാടകങ്ങൾ?
ഒരു  മിടിപ്പിലവസാനിക്കുമെല്ലാം
ഇനി വേണമോ, 
ആ കാഴ്ചകൾ?

കുരുടരാകരുതിനിയും-
നമ്മൾ...
അകക്കണ്ണിലുദിക്കണമൊരു,
ആയുധമാം സമാധാനം.....

                               -ആഫിയ അയ്യൂബ് എസ്

 

Monday, August 3, 2020

Poem by Afsana S Asmi, SE2.

ഒന്നായ് മാറിടാം 
*****************
മേഘത്തിൽ നിന്നുതിർന്ന ഒരു
ബാഷ്പമാം മഴനീർത്തുള്ളി
അറിഞ്ഞതില്ല 
പെയ്ത്ത്നാദം കേട്ടു മതിയാവാതെ, 
മണ്ണിൻ പുതുഗന്ധം അറിഞ്ഞു                                                  
_കൊതിതീരാതെ, 
കുന്നിക്കുരു മണി മോഹങ്ങളും  പേറി, 
അനേകായിരം മാനവ ജന്മങ്ങൾ
അകാലങ്ങളിലെ അന്തർ യാമങ്ങളിൽ  ലയിച്ചത്
ഹിമമുറഞ്ഞ  സിരകളിൽ  ഒരിറ്റ്
ആശ്വാസമേകാൻ എത്തിയ മാലാഖയിലും, 
പ്രതീക്ഷതൻ ഒരു ചീന്തെങ്കിലും 
കണ്ടെടുക്കാൻ കൊതിച്ച ഹൃത്തിലും
വിധി നൽകിയത്  മിഴിനീരോ?

നേത്രങ്ങളാൽ കാണാൻ കഴിയാത്ത
ശബ്ദങ്ങൾക്ക് പ്രവചിക്കാൻ
കഴിയാത്ത മഹാവ്യാധി കണ്ണീരായി പടർന്നുവോ? 
ഒരു തേങ്ങലോടെ എന്നാകിലും ആ
കുഞ്ഞു ബാഷ്പം അറിഞ്ഞു ജീവിതം എന്ന കഥ.....
എന്തെല്ലാം മോഹങ്ങൾ   പേറി
വന്നതാണീ കുഞ്ഞു ബാഷ്പം 
മേഘത്തിൻ തേരിലേറി...
പിഞ്ചു ഹസ്തങ്ങൾ താരാട്ടും കടലാസ്
തോണിയിൽ  ഊയലാടണം
പൂമരത്തിൻ ചില്ലയിലെ കേട്ടുമറന്ന
മൃദുല താളത്തിൽ  ലയിക്കണം......
പൊഴിഞ്ഞു വീഴും നാട്ടുമാങ്കനിതൻ
കൊഴിയാത്ത സ്വപ്നമാകണം....

എന്നാൽ  ഇന്നെൻ ഗാനത്തിൻ  
തേരിലേറാൻ എൻ നിഴൽ മാത്രം 
അകതാരിൽ എരിയും 
കനലുകൾ അടക്കിപ്പിടിച്ച്   
യാത്രയാകണമെനിക്ക്....
ഏകാന്തതയിൽ ഉരുകും  മനസ്സാം
വേഴാമ്പലിൻ  ചാരത്തേക്ക്....... 
തളരുന്ന ഹൃത്തിൽ
ആത്മധൈര്യത്തിന്റെ  മന്ത്രങ്ങൾ   ഓതണം,  
ഉറ്റവരെ ഒരു നോക്ക് കണിയായ്
കണ്ട്  തേങ്ങുന്നവരിൽ സാന്ത്വനമായി തീരണം, 
സ്വയം മറന്ന് മാർഗദീപമായി 
തെളിയുന്ന മാലാഖകൾക്ക് താങ്ങായി മാറണം, 
കൈയ്യിലെ  ലാത്തിത്തുമ്പിൽ  
സ്നേഹമൊളിപ്പിക്കും കാവൽഭടന്റെ 
കാവൽ വിളക്കിൻ  വെളിച്ചമായി തീരണം, 
മാറണം  ഈ നാട്യത്തിലെ  
വേഷങ്ങളും തേടണം പുതു ശീലങ്ങളും...

ശാരീരിക അകലം എന്ന
പുതുശീലത്തോടെ  സാമൂഹിക
നന്മയ്ക്ക് ഇടം നൽകാം...
ഹസ്തദാനം   ഒഴിവാക്കിടാം 
പരസ്പരം കൈകൾ കൂപ്പിടാം....
തൂവൽ കൂടാരത്തിൽ ഒതുങ്ങിനിന്ന് 
ഉള്ളിലെ സ്നേഹം പങ്കുവെക്കാം നമുക്ക് ....
എല്ലാ മനസ്സിനെയും ഒരു നൂലിനാൽ
ബന്ധിച്ച് സ്വപ്നങ്ങളൊക്കെയും
സ്വന്തമാക്കണം നാം
അതിനൊന്നായ്  മാറണം നാം എന്നും 
                 

Afsana. S. Asmi
 SE2

Sunday, August 2, 2020

Book Review by Gowri B, HA2

  അമാവാസി

                   
ജയിൽ ജീവിതം അനുഭവിക്കുന്ന കുറ്റവാളികളുടെയും ,വനിതാ തടവുകാരുടെയും , അവരുടെ സംരക്ഷണചുമതല വഹിക്കുന്ന പോലിസുകാരുടെയും, ഇവർക്കിടയിൽ കടന്നു വരുന്ന ഒരു യുവ ഡോക്ടറുടെയും ജീവിതം വരച്ചു കാട്ടുന്ന മാധവിക്കുട്ടി,കെ.എൽ.മോഹനവർമ്മ കൃതിയാണ് 'അമാവാസി'.
               
തന്റെ ഏക മകനായ നിത്തോൻ രാജ്യത്തിലെ  തന്നെ ഏറ്റവും ഭീകരരായ സ്ത്രീകളെ ശിക്ഷിക്കുന്ന ജയിലിൽ ,പഠനശേഷം ആദ്യമായി നിയമിതനായതറിഞ്ഞ്   പരിഭ്രമിക്കുന്ന  അമ്മയുടെ ചിത്രത്തോടെയാണ് നോവൽ ആരംഭിക്കുന്നത്.വലിയ മതിലുകൾക്കപ്പുറം മനുഷ്യഗണത്തിൽപ്പെട്ട ജീവികൾ ഉണ്ടെന്നുത്തന്നെ  പുറംലോകത്തിനറിയാത്തവിധം നിഗൂഢമായ ജയിലിൽ പ്രവേശിക്കുന്ന കഥാനായകനോടൊപ്പം, വായനക്കാരനെയും എഴുത്തുകാർ ആ പഴകിയ രക്തഗന്ധമുള്ള ജയിൽ വളപ്പിന്റെ ഭാഗമിക്കുന്നു.ആദ്യമായി നിത്തോൻ അവിടെ നേരിട്ട പ്രതിസന്ധി രൂപത്തിൽ മാത്രം സ്ത്രീ എന്ന് തോന്നിപ്പിക്കും എന്നതൊഴിച്ചാൽ തികച്ചും ഒരു പൗരുഷം  നിറഞ്ഞതും  കർശനക്കാരിയുമായ ബോണിക്ക വിശ്വാസായിരുന്നു.ഇവരെ കൂടതെ ആ ജയിലിൽ പരമാധികാരം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നിപാ ഗ്യാംഗുലി.ഇവരുടെ സഹായി ഗുലൂ , തൊഴിലാണ്ഭഗവാൻ എന്നും അതിനാൽ അത്  കൃത്യമായി നിർവഹിക്കുന്നതിനായി എത്രമേൽ ക്രൂരനാകുന്നതിലും തെല്ലും കുറ്റബോധം വരേണ്ടതില്ല എന്നും അടിയുറച്ച് വിശ്വസിക്കുന്ന പോലീസുകാരനാണ്. 

നിത്തോൻ ആദ്യമായി അവിടെ ചികിത്സിക്കേണ്ടി വന്നത് ഒരു മൃതദേഹത്തെയായിരുന്നു. ശരീരമാസകലം  പോലിസുകാരുടെ ബൂട്ടുകളുടെ മുദ്രകൾ പതിഞ്ഞ, പഴകിയ ചോരയുടെ ഗന്ധം പേറി കിടന്നിരുന്ന ആ ശവത്തോടു നീതികാണിക്കാൻ അയാൾക്കായില്ല, വെറും സ്വാഭാവിക മരണമായി അതു മാറ്റി എഴുതാൻ അയാൾ നിർബന്ധിതനാകുന്ന കഥാസന്ദർഭങ്ങൾ, നമ്മുടെ സാമൂഹിക ചങ്ങലകൾ എങ്ങനെയാണ് ഒരു സത്യസന്ധനെ തെറ്റിലേക്ക് നയിക്കുന്നത് എന്നതിന്റെ ചിത്രീകരണം കൂടിയാണ്.                

നോവലിന്റെ ആദ്യ ഭാഗത്തിന്റെ മുഖഛായയെ കൂടുതൽ ഊന്നിപ്പറയും വിധമാണ് രണ്ടാം ഭാഗത്തിൽ കടന്നു വരുന്ന ഹേമലത എന്ന നക്സ്ലേറ്റ് സ്ത്രീയും അവർ അവിടെ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളും കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. വളരെ ഏറെ മുറിവുകൾ ഏറ്റ് ജീർണിച്ച ഹേമലത യുടെ ശുശ്രൂഷ നിത്തോൻ ഏറ്റെടുക്കുകയും, ഹേമലതയുടെ ജീവനറ്റ കണ്ണുകളോടു ആദ്യം തോന്നിയ സഹതാപം പ്രണയമായി വഴിമാറുകയും ചെയുന്നു.ഒരു നക്സൽ സ്ത്രീയുടെ   ഭൂതകാലവും സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക പ്രതിസന്ധികളും വിവരിക്കുന്നതിലൂടെ നാം പലപ്പോഴും അവഗണിക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളെക്കൂടി ഈ കഥ വരച്ചുകാട്ടുന്നു.                 

സമൂഹത്തിന്റെ വിവിധങ്ങളായ മനോഭാവങ്ങൾ ഒരോ കഥാപാത്രത്തിലൂടെയും വ്യക്തമാക്കിതരുന്ന ഈ പുസ്തകം, നമ്മൾ അടങ്ങുന്ന സമൂഹത്തിന്റെയും,നാം അറിയാൻ താൽപ്പര്യം കാണിക്കാത്ത ഒരു ജനതയുടെയും കഥകൾ മനോഹരവും, ലളിതവും ആയ ഭാഷയിലുടെ വ്യക്തമാക്കുന്നു.

                       
                                                                                                                    ഗൗരി .ബി
                                                                                                                           HA2