വായന അതിജീവനത്തിന്റെ വഴി തേടൽ......
" അത്രമേൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ
നിങ്ങളൊരു പുസ്തകം വായിക്കുക
അത് നിങ്ങളോട് സംസാരിക്കുന്നത് കേൾക്കാം"
ദുരിത
കാലത്തിലൂടെ കടന്നുപോകുമ്പോൾ അതിജീവനത്തിന്റെ വഴി വായനയാണെന്ന തിരിച്ചറിവ്
. ജീവിത പ്രതിസന്ധികളിൽ ഒറ്റപ്പെടുന്ന മനുഷ്യന് വായന തരുന്ന കരുത്ത്.
മനസ്സിന്റെ വ്യായാമമായ വായനയിലൂടെ മനുഷ്യൻ മരണത്തിന് മുൻപ് ആയിരക്കണക്കിന്
ജീവിതങ്ങൾ അറിഞ്ഞു. അത് മനുഷ്യനെ ഉലയിലിട്ട ഇരുമ്പുപോലെ ഏത്
രൂപത്തിലാക്കാനും ആർജ്ജവമുള്ളതാക്കി.ജീവിതത്തിന് റെ ഏതവസ്ഥയിലേക്കു
രൂപാന്തരം സംഭവിച്ചാലും മാനസികമായി തളർത്തില്ല കാരണം അത്രയേറെ
ജീവിതാനുഭവങ്ങളിലൂടെ മനുഷ്യൻ വരികൾക്കിടയിലൂടെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുo
"തൊട്ടാൽ മറിയുന്ന പുസ്തകങ്ങൾക്ക് എത്ര വെട്ടം പകരാൻ ആകുമെന്നോ ....."
ബഷീറിന്റെ
ഭൂമിയുടെ അവകാശികൾ വായിച്ച ഒരാൾ സകല ജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ
അവകാശമാണെന്ന ഉൾകാഴ്ച മനസ്സിലേക്കും പ്രവൃത്തിയിലേക്കും കൊണ്ടുവരും.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി വായിച്ചവർ ഒരു വറ്റ് ചോറ്
നിലത്തുവീഴാൻ അനുവദിക്കില്ല.' ആടുജീവിതം' പ്രവാസ ലോകത്തിലെ മനുഷ്യന്റെ
നിസ്സഹായതയും നിരാലംബാവസ്ഥയും എത്രത്തോളമാണെന്ന് നമ്മെ പഠിപ്പിക്കുന്ന
തോടൊപ്പം നമ്മുടെ പ്രശ്നങ്ങൾ എത്ര നിസ്സാരമാണെന്ന ചിന്തയിലേക്കും
കൊണ്ടുപോകും. ഭൂമിയുടെ മാലാഖമാരുടെ തലമുറകളുടെ കഥ പറയുന്ന, അവരുടെ
ആകുലതകൾക്കിടയിലും സ്നേഹാർദ്രമായി സ്വന്തം ജീവൻ ത്യജിച്ച് രോഗികളെ
പരിചരിക്കുന്ന സേവനതല്പരതയും ആവിഷ്ക്കരിക്കുന്ന ' നിശബ്ദ സഞ്ചാരങ്ങൾ
സമകാലിക അവസ്ഥയ്ക്കു യോജിച്ച രചനയാകുന്നു. ഇങ്ങനെ എത്രയെത്ര പുസ്തകങ്ങൾ
......ചിലത് പരാമർശിച്ചു എന്നു മാത്രം. ഭൂമിക്കുവേണ്ടി - മണ്ണിനു വേണ്ടി -
അവനവനു വേണ്ടി വായിക്കണം .....
സാഹിത്യം
സമൂഹത്തിന്റെ കണ്ണാടിയാണ്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ എല്ലാ
വൈകാരികതയും, സാമൂഹികതയും പുസ്തകങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്നു.
പ്രണയത്തിന്റെയും വിരഹത്തിന്റെയും ജാതി മത ചിന്തകളുടെയും എല്ലാം വിവിധ
ഭാവങ്ങൾ അനുഭവവേദ്യമാക്കുന്ന രചനകൾ അതിജീവനത്തിന്റെ ഊർജ്ജമായി നമ്മളിലേക്ക്
പടരും. "ജീവിതം ജീവിച്ചു പഠിക്കേണ്ടതാണെന്നും " , " ഒരാൾ എന്തെങ്കിലും
നേടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം
മുഴുവൻ അവന്റെ സഹായത്തിനെത്തും " ഇത്തരത്തിലുള്ള ജീവിത കാഴ്ചകൾ
അതിജീവനത്തിന്റെ ഉൾക്കരുത്തും ജീവ മന്ത്രവുമാകുന്നു. ചരിത്രം,
ഭൂമിശാസ്ത്രം, രാഷ്ട്രീയം, മാനവിക ജീവിതം ..... തുടങ്ങിയ അറിവുകൾ ആഴത്തിൽ
സ്വയമാർജ്ജിച്ചാലേ ഈ ഭൂമിയിൽ നിലനില്പുള്ളൂ. വായനയുടെ ലോകത്തിലൂടെ മാത്രമേ
രസകരമായി ജീവിതം ആസ്വദിച്ച് മുന്നോട്ട് പോകാൻ കഴിയൂ. മനുഷ്യരാശിയെ മുഴുവൻ "
വായന" ജീവിക്കാനുള്ള മാർഗ്ഗമായി കാണുന്ന അവസ്ഥ വിദൂരമല്ല.


